Powered By Blogger

Tuesday, April 10, 2012

പട്ടാളവും പോലീസും ചുറ്റി നിന്നാ കൊതുകു കടിക്കില്ലേ ?

ഖജനാവു കാലിയല്ലാത്ത ഒരു ഉത്തര ഭാരത സംസ്ഥാനത്തിന്‍റെ തലസ്ഥാന നഗരിയില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് പ്രകാരം പണി കഴിപ്പിച്ചിരിക്കുന്ന ഒരു ടൌണ്‍ഷിപ്പില്‍ ആണ് ഞാന്‍ താമസിക്കുന്നത്.മറ്റു പല നഗര ഗ്രാമ പ്രദേശങ്ങളുമായി താരതമ്യ പെടുത്തിയാല്‍ വൃത്തി ഹീനമെന്നു പറയാന്‍ പറ്റില്ലെന്ന് മാത്രമല്ല വൃത്തിയില്‍ മുന്‍ പന്തിയിലെന്നു സാദാ ജനം സര്‍ട്ടിഫികട്ട് തരാന്‍ മടിക്കാത്ത ഒരു താമസ സ്ഥലമെന്ന് വേണമെങ്കില്‍ പറയാം. ഇരുപത്തിനാല് മണിക്കൂറും സെക്യുരിറ്റി ജീവനക്കാര്‍ തോക്കും പിടിച്ചു കാവല്‍ നില്‍ക്കുകയും റോന്തു ചുറ്റുകയും ചെയ്യുന്ന ഒരു പ്രൊട്ടെക്ടട് പ്രദേശം കൂടിയാണിത്.

അതിനും പുറമേ ബ്രിട്ടിഷ് ഭരണ കാലത്ത് സായിപ്പന്‍മാര്‍ സുഖ വാസത്തിനു തെരഞ്ഞു പിടിച്ച അപൂര്‍വം ചില ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഒന്ന് കൂടിയാണീ നഗരം. 

ഭാഗ്യവാന്‍. ഒരു പക്ഷെ നിങ്ങള്‍ എന്നെ അങ്ങനെ വിശേഷിപ്പിച്ചേക്കാം.

എന്നാ എനിക്കങ്ങനെ തോന്നുന്നില്ല. 

കൊതുകു കടി മൂലം ചൊറിയാതെ നിക്കാനും ഇരിക്കാനും കിടക്കാനും പറ്റത്തില്ലേ പിന്നെന്തു ഭാഗ്യം കൂട്ടരേ?

അപ്പൊ നിങ്ങള് ചോദിച്ചേക്കാം 'കൊള്ളാമല്ലോ കൂവേ ഏതു ശീമേന്നു വന്നതാ ഇയാള്? കൊതുകു കടി കൊള്ളാത്ത ആരെങ്കിലും ഈ ഇന്ത്യാ മഹാരാജ്യത്ത് കാണുമോ ?' 

അത് ശരിയായിരിക്കാം. കൊതുകു കടി കൊള്ളാതെ ജീവിക്കാന്‍ പറ്റുന്ന പ്രദേശങ്ങള്‍ ഈ മഹാ രാജ്യത്ത് കാണുമോ എന്ന് എനിക്കറിയില്ല. 

എന്‍റെ അറിവില്‍ നഗരങ്ങളും പട്ടണങ്ങളും ഇല്ല.

പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്ന ആളുകള്‍ താമസിക്കുന്ന ചില ഗ്രാമ പ്രദേശങ്ങള്‍ കൊതുക് ഇല്ലാത്തതായി അവിടവിടെ ഉള്ള കാര്യം എനിക്ക് ബോദ്ധ്യമായി കഴിഞ്ഞ കാര്യമാണ്.

അതില്‍ ഒന്നാമത്തേത് കേരളത്തിലെ ഞാന്‍ ജനിച്ചു വളര്‍ന്ന ഇലന്തൂര്‍ എന്ന ഗ്രാമം.

എന്‍റെ കുട്ടിക്കാലത്ത് ഇന്നത്തെ പോലെ ഫാനും ഏസിയുമോന്നും ഇല്ലാതിരുന്ന ആ കാലത്ത് കൊതുക് കടി മൂലം വിഷമിച്ചതായി എനിക്ക് ഓര്‍മയില്ല.

എന്നാല്‍ ഇടയ്ക്ക് എപ്പോഴോ കുറെ കാലം കൊതുക് ഞങ്ങടെ ഗ്രാമത്തെ നരകം ആക്കിയത് പറയാതിരിക്കാന്‍ വയ്യ.  പരിസരങ്ങള്‍ വൃത്തിയായി വയ്ക്കാന്‍ ഗ്രാമ വാസികള്‍ മടി കാണിച്ചതും തുറന്ന കുഴി കക്കൂസുകളും തുറന്ന മല മൂത്ര വിസര്‍ജനവും ചിലരൊക്കെ പതിവാക്കിയപ്പോഴുമായിരുന്നു അങ്ങനെ ഒരു ഗതികേട് ഇലന്തൂരിനു വന്നത്.

എന്നാല്‍ ഗ്രാമ പഞ്ചായത്തിന്‍റെ പല വിധമായ പരിപാടികള്‍ മൂലം ആ ദുരവസ്ഥക്ക് ഒരു അറുതി വന്നതും ഞാന്‍ നേരില്‍ മനസ്സിലാക്കിയ കാര്യമാണ്.

ഇന്ന് ഇലന്തൂര്‍ ജന ബാഹുല്യം മൂലം പട്ടണ സദൃശ്യമായ ഒരു ഗ്രാമമാണ്. എന്നാല്‍ ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഭരണ കര്‍ത്താക്കള്‍‍  ഉറങ്ങുന്ന അനന്തപുരിയെയോ കേരള കോടിപതികള്‍ ഉറങ്ങുന്ന കൊച്ചി പോലുള്ള മറ്റു പട്ടണങ്ങലെക്കാളുമോ ഒക്കെ ഭേദപ്പെട്ട നിലയിലാണ് ഇലന്തൂര്‍ക്കാര്‍, കൊതുക് കടിയുടെ കാര്യത്തില്‍.  എന്നാണു എനിക്ക് തോന്നുന്നത്.

ഇപ്പോഴത്തെ അവിടത്തെ സ്ഥിതി എന്താണെന്ന് ഇലന്തൂര്‍ക്കാര്‍ വിലയിരുത്തട്ടെ !

എന്നാല്‍ എന്‍റെ  ഉള്ളില്‍ കൊതുക് കടി ഏല്‍ക്കുമ്പോള്‍ തികട്ടി വരുന്ന ഒരു സംശയം ഇതാണ്.

അധികാരത്തിന്‍റെ ഉള്ള പത്രാസു മുഴുവന്‍ ഇപ്പോഴും ജനങ്ങളെ കാണിക്കാന്‍ വെമ്പുന്ന നമ്മുടെ മന്ത്രിമാരെയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഈ കൊതുകുകള്‍ കടിക്കാതെ വെറുതെ വിട്ടിരിക്കയാണോ?

ഒരു ഈച്ച പോലും കടക്കാത്ത സെക്യുരിറ്റി മൂലം കൊതുകുകള്‍ക്കും രക്ഷയില്ലാത്തതു മൂലമാണോ ഇവരൊക്കെ രക്ഷ പെടുന്നത്?

അതോ പട്ടാളക്കാര്‍ക്ക് കൊതുക് കടിയില്‍ നിന്നും രക്ഷപെടാന്‍ വികസിപ്പിച്ചെടുത്ത ഡി ആര്‍ ഡി ഓ മരുന്ന് പൂശി നടക്കാനുള്ള പ്രോട്ടോക്കോള്‍ അവര്‍ക്കൊക്കെ ഉള്ളത് മൂലമോ?

ഏതായാലും ഒരു കാര്യം തീര്‍ച്ച. നമ്മുടെ മന്ത്രിമാര്‍ക്കും മറ്റു അധികാര പ്രമുഖര്‍ക്കും കൊതുക് കടി കിട്ടുന്നുണ്ടാവില്ല.

കിട്ടിയിരുന്നുവെങ്കില്‍ കൊതുകുകള്‍ക്കെതിരെ അവരുടെ യുദ്ധം നമുക്ക് കാണാനും കേള്‍ക്കാനും കഴിഞ്ഞേനെ.

എന്നാലും അവരെ ഒക്കെ രക്ഷ പെടുത്തുന്ന കൊതുകു മാരണ സാമഗ്രികള്‍ എന്ന നിലയില്‍ പരസ്യ കസര്‍ത്ത് നടത്തി കോടികള്‍ നേടിക്കൊണ്ടിരിക്കുന്ന കൊതുകു കമ്പനികളും മലമ്പനി മരുന്ന് കമ്പനികളും  നമ്മളെ നാള്‍ക്കു നാള്‍ ആശ്വസിപ്പിച്ചു പണം പിടുങ്ങി കൊണ്ടിരിക്കുന്നു.

കൊതുകുകളുടെ കഴിവ് കൂടി കൊണ്ടുമിരിക്കുന്നു.

കൊതുകുകളെ വളര്‍ത്തി വികസിപ്പിച്ചു വിട്ടിട്ട് നശീകരണത്തിനു കോടികളുടെ മരുന്നുകളും ഉപകരണങ്ങളും വിപണനം ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് എതായാലും അത്ര സുഖമുള്ള കാര്യമല്ല. കൊതുകു കടി കൊള്ളുന്നവര്‍ക്കെ അത് മനസ്സിലാകൂ.

കൊതുകിനു പോലും തുളക്കാന്‍ പറ്റാത്ത തൊലിക്കട്ടി ഉള്ളവര്‍ക്ക് കൊതുക്‌ ഒരു പ്രശ്നമല്ലായിരിക്കാം.

തൊലിക്കട്ടി കുറവായ എന്നെ പോലുള്ളവര്‍ക്ക് കൊതുകുകള്‍ നഗരങ്ങളെ നരകങ്ങള്‍ ആക്കിക്കൊണ്ടിരിക്കുന്ന ജീവികളും.

ഇതില്‍ നിന്ന് ഈ രാജ്യത്തിന് ഒരു മോചനം പ്രതീക്ഷിക്കാമോ ?

[ലേഖകന്‍റെ മലയാളത്തിലുള്ള കൂടുതല്‍ എഴുത്തുകള്‍ ഇവിടെ വായിക്കാം !]

[* A satire in Malayalam language to make people aware of the growing mosquito menace in the Indian cities, towns and clustered villages.]

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.