Powered By Blogger

Wednesday, April 25, 2012

വിമാനവും വൈമാനികരും മങ്ങിയ ചില ഓര്‍മ്മകളും!

ആയിരത്തി തൊള്ളായിരത്തി അമ്പതിന്റെ അവസാന വര്‍ഷങ്ങളില്‍ എപ്പോഴോ ആയിരിക്കണം ഞാന്‍ ഒരു വിമാനം അടുത്തു കാണുന്നത്. അന്നെനിക്ക് അഞ്ചില്‍ താഴെ മാത്രം പ്രായം.

എന്‍റെ പിതാവ്‌ അന്ന് ഏതോ കാര്യത്തിനായി തിരുവനന്തപുരം നഗരിയിലേക്ക് യാത്ര പോയപ്പോള്‍ എന്നെയും കൂടെ കൊണ്ട് പോയി.പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈ സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിനു അന്ന് തന്‍റെ പൂര്‍വ വിദ്യാര്‍ഥികളില്‍  ആരോ ഒരാള്‍ വിമാനത്താവളത്തില്‍ ജോലി നോക്കുന്ന കാര്യം അറിയാമായിരുന്നിരിക്കണം.

അത് നിമിത്തമായിരിക്കണം അന്നെപ്പോഴോ അദ്ദേഹം വിമാനം കാണിക്കാമെന്നു എന്നോട് പറഞ്ഞതും വിമാനത്താവളത്തിലേക്ക് എന്നെയും കൊണ്ട് നടന്നതും.

അദ്ദേഹത്തിന്‍റെ കൈയില്‍ പിടിച്ചു ശംഖുമുഖം കടല്‍ത്തീരത്തു കൂടി മണലില്‍ ചവിട്ടി നടന്നതും ദൂരെ കിടക്കുന്ന വിമാനത്തെ അടുത്തു കാണാനുള്ള ആകാംക്ഷയോടെ വേഗം വേഗം നടന്നതും ഇപ്പോഴും ഓര്‍മയില്‍ മങ്ങാതെ കിടക്കുന്നു.

അന്ന് പേരിനു ഒരു ഏറോഡ്രോം മാത്രമായിരുന്നു ഇന്നത്തെ രാജ്യാന്തര വിമാനത്താവളം. ഹാങ്ങറില്‍ ഒരു കൊച്ചു പരിശീലന വിമാനം മാത്രം. വിമാനം തട്ടിക്കൊണ്ടു പോകല്‍ പരിപാടിയൊന്നും അന്ന് തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ട് വിമാനത്തിനടുത്തു പോകാന്‍ സെക്യൂരിറ്റി പരിശോധനകളും ഒന്നും ആവശ്യം ഇല്ലായിരുന്നു.

വിമാനത്താവള ജോലിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ശിഷ്യന്‍ എന്നെ എടുത്തുയര്‍ത്തി ഒരു സീറ്റ്‌ മാത്രമുള്ള ആ കൊച്ചു വിമാനത്തിന്റെ ഉള്‍വശം കാട്ടിത്തന്നത് ഓര്‍ക്കുന്നു.

വിമാനം ഒന്ന് പറന്നുയരുന്നത് പക്ഷെ അന്ന് കാണാന്‍ കഴിഞ്ഞില്ല. മൂന്നു ചാടുള്ള ആ സാധനം വായുവില്‍ എങ്ങനെ ഉയര്‍ന്നു പോകുമെന്ന് എന്‍റെ കൊച്ചു മനസ്സ് അന്ന് ഒരു പാട് ആലോചിക്കുമായിരുന്നു.

അതിലും കുറെ നാളുകള്‍ക്കു മുമ്പ് പുക ഒരു നൂല് പോലെ പിന്നിലാക്കി ഒരു പൊട്ടു പോലെ അതി ശബ്ദത്തില്‍ പറന്നു പോകുന്ന ഒരു വിമാനത്തെ വിമാനം എന്ന് ആദ്യമായി പ്രായമുള്ളവര്‍ മനസ്സിലാക്കി തന്നതും ഓര്‍മയില്‍ നിന്നിരുന്നു.

വിമാന ഭാവന ചടുലമാകാന്‍ അന്ന് ഇത് ധാരാളം ആയിരുന്നു.  

തിരുവന്തപുരയാത്രയ്ക്ക് ശേഷം ഒന്ന് രണ്ടു കൊല്ലങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഒരു വിമാനം പിന്നീട് അടുത്തു കാണാന്‍ സൗകര്യം ആകുന്നത്. അന്ന് പത്തനംതിട്ട കൊല്ലം ജില്ലയിലെ ഒരു താലൂക്ക്‌ മാത്രമായിരുന്നു. വളരെ വിസ്താരമേറിയ ഒരു താലൂക്ക്‌. കിഴക്കന്‍ ഭാഗങ്ങള്‍ ഒക്കെ അന്ന് ബ്രിട്ടീഷ്‌ സായിപ്പന്മാരുടെ അദ്ധ്വാനഫലമായി വികസനം പ്രാപിച്ച റബ്ബര്‍ തോട്ടങ്ങള്‍. ഈ റബ്ബര്‍ തോട്ടങ്ങള്‍ അന്നും കുറെയൊക്കെ സായിപ്പന്മാര്‍ തന്നെ ആയിരുന്നു നോക്കി നടത്തിയിരുന്നത്. ഈ റബ്ബര്‍ തോട്ടങ്ങളില്‍ തുരിശ് അടിക്കാന്‍ അന്ന് അവര്‍ ചെറിയ വിമാനം എവിടെ നിന്നോ ഏര്‍പ്പെടുത്തി. ഈ വിമാനത്തിന് താഴാനും ഉയരാനും റണ്‍വേ വെറും തുറസ്സായ നിരപ്പുള്ള സ്ഥലം മാത്രം മതിയാകുമായിരുന്നു.  അന്ന് പമ്പാ നദി വിസ്താരമേറിയതും വെള്ള മണല്‍ തീരത്തോട് കൂടിയതും ആയിരുന്നു. അങ്ങനെ എന്‍റെ ഗ്രാമമായ ഇലന്തൂരില്‍ നിന്നും ഒരു ആറേഴു കിലോമീറ്റര്‍ അകലെ ചെറുകോല്‍പുഴ എന്ന പമ്പാ നദീ തീരം തുരിശടി വിമാനത്തിന്‍റെ റണ്‍വേ ആയി.

വിമാനം താഴ്ത്തുകയും ഉയര്‍ത്തുകയും മാത്രമല്ല തുരിശു വെള്ളത്തില്‍ കലക്കി ഈ ടാങ്കര്‍ വിമാനത്തില്‍ നിറക്കുകയും ചെയ്യാം. പമ്പാ നദിയില്‍ അന്ന് വെള്ളത്തിനും പഞ്ഞമില്ലായിരുന്നു ഇന്നത്തെ പോലെ.

ഒരു ദിവസം പല പ്രാവശ്യം വിമാനം വരുകയും തുരിശു നിറച്ചു പറന്നു പോവുകയും ചെയ്യും. വിമാനം എന്ന് പറയുന്ന അദ്ഭുത വാഹനം അടുത്തുകാണാന്‍ ചെറുകോല്‍പുഴക്കാര്‍ക്കും അടുത്തുള്ള ഗ്രാമവാസികള്‍ക്കും അങ്ങനെ ഭാഗ്യം സിദ്ധിച്ചു.

പിന്നെ ചെറുകോല്‍ പുഴയിലേക്ക് ഒരു വലിയ ജന പ്രവാഹമായിരുന്നു. അന്ന് ഇന്നത്തെ പോലെ അധികം യാത്രാ സൌകര്യങ്ങള്‍ ഒന്നുമില്ല. ജനം കൂടിയാല്‍ പിന്നെ പറയുകയും വേണ്ട. വിമാനം കാണാന്‍ വേണ്ടി എന്ത് പ്രയാസം അനുഭവിക്കാനും ജനങ്ങള്‍ ഒരുക്കമായിരുന്നു.

ഒരു ദിവസം ഇലന്തൂരു നിന്നും എന്‍റെ അമ്മ വീടായ നെല്ലിക്കാലായില്‍ നിന്നും ഉള്ള ഒരു ചെറിയ ഗ്രൂപ്പിന്‍റെ കൂടെ നടന്നു ചെറുകോല്‍ പുഴയില്‍ എത്തി ജനക്കൂട്ടത്തില്‍ ആകാംക്ഷയോടെ വിമാനം താഴുന്നത് നോക്കി നിന്നത് മറക്കാന്‍ പറ്റുന്നില്ല. ആ കാഴ്ചയുടെ ഒരു മങ്ങിയ ഓര്‍മ്മ മാത്രമേ ഇന്നുള്ളൂ എങ്കിലും.

പിന്നീട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ പോയി അന്നത്തെ കാലത്തെ വലിയ യാത്രാ വിമാനമായ ആവ്രോ വിമാനം കാണാനും അതോടിക്കുന്ന വെളുത്ത യൂണിഫോം ധരിച്ച സുന്ദര സുകുമാരന്മാരായ പൈലറ്റ്‌ എന്ന അദ്ഭുത മനുഷ്യരെ ദൂരെ നിന്ന് ആരാധനയോടെ നോക്കി കാണാനും ഭാഗ്യം സിദ്ധിച്ചു.

വൈമാനികരോടുള്ള എന്‍റെ ആരാധനാ മനോഭാവം മനസ്സിലാക്കിയ എന്‍റെ പിതാവ്‌ ഒരു ദിവസം ഒരു വിവരം എന്നെ ധരിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഒരു ഇളയ അമ്മാവന്‍ അന്ന് വിദേശങ്ങളിലേക്കും മറ്റും വിമാനം പറപ്പിക്കുന്ന ഒരു വലിയ പൈലറ്റ്‌ ആണെന്നായിരുന്നു ആ വിവരം.

അദ്ദേഹത്തിന്‍റെ ലോകം ചുറ്റുന്ന ഈ പൈലറ്റ്‌ അമ്മാച്ചന്‍ വലിയ ഒരു അമാനുഷ പ്രതിഭയായി അന്ന് എന്‍റെ മനസ്സില്‍ കടന്നു കൂടി. എന്നാല്‍ പ്രതാപത്തില്‍ ഇരുന്ന ആ കാലത്ത് ഈ അമ്മാച്ചനെ ഒന്ന് കാണാന്‍ അദ്ദേഹത്തിന്‍റെ  ഓണം കേറാ മൂലയിലുള്ള വീട്ടുകാര്‍ക്കൊന്നും ഭാഗ്യമുണ്ടായതായി ഓര്‍മയില്ല.

എന്നാല്‍ പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പൈലറ്റ് അമ്മാച്ചന്‍ തറ പറ്റി. ഏതോ സാമ്പത്തിക ക്രമക്കേടിന് വിമാന കമ്പനി അദ്ദേഹത്തെ പിരിച്ചു വിട്ടു. സീനിയര്‍ നിലയില്‍ ഉള്ള ഒരു ഇന്ത്യന്‍ വൈമാനികന് വേറൊരു ജോലി കൊടുക്കാന്‍ അന്ന് മറ്റു വിമാന കമ്പനികള്‍ ഒന്നും ഇന്ത്യയില്‍ നിലവില്‍ ഇല്ലായിരുന്നു. 

ജീവിതത്തിലെ വലിയ പ്രതിസന്ധി അദ്ദേഹത്തിനെയും കുടുംബത്തെയും ബാധിച്ചു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. അതൊന്നും ഇവിടെ എഴുതാന്‍ എനിക്ക് ഉദ്ദേശമില്ല. 

ഞാന്‍ ഹൈസ്കൂളില്‍ പ്രവേശിച്ച സമയം. എന്‍റെ ഈ അമാനുഷ പ്രതിഭയായ വലിയമ്മാച്ചന്‍ എന്‍റെ വീട്ടിലെ ഒരു അന്തേവാസിയായി. ജീവിതത്തിന്റെ ഉന്നത തലങ്ങളില്‍ നിന്നും നിലംപതിച്ചു ഒരു ഗതിയും ഇല്ലാത്ത നിലയില്‍ ആയിരുന്നു അപ്പോള്‍ എന്ന് മാത്രം.

ഒരു മൂന്ന് കൊല്ലക്കാലം അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ പാര്‍ത്തു. അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത  കൂട്ട് അക്കാലത്ത് കൌമാരക്കാരനായ ഞാന്‍ ആയിരുന്നു.

പല രാത്രികളിലും മണിക്കൂറുകള്‍ അദ്ദേഹം എന്‍റെ അടുത്തു കഥകള്‍ പറയാന്‍ ചെലവഴിച്ചിരുന്നു. ജീവിതത്തിന്റെ പച്ച യാഥാര്‍ദ്ധ്യങ്ങള്‍ പലതും അദ്ദേഹം തുറന്നു കാട്ടി. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോര്‍സില്‍ യുദ്ധ വിമാനം പറത്തിയത്‌ മുതലുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കു വച്ചു. കൂടെ ഉന്നത ഉദ്യോഗസ്ഥരുടെ ക്ലബ്ബുകളുടെയും മറ്റും കഥകളും.

വിമാനത്തിന്‍റെ പല ടെക്നിക്കല്‍ കാര്യങ്ങളും അദ്ദേഹം എനിക്ക് മനസ്സിലാക്കി തന്നു. 

പിന്നീടും ചില വൈമാനികരോടു സംസാരിക്കാന്‍ അവസരം ലഭിച്ചു. അതില്‍ ഒരാള്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു പൈലറ്റ്‌ ആയിരുന്നു. രാജീവ്‌ ഗാന്ധി പൈലറ്റ്‌ ആയി ജോയിന്‍ ചെയ്ത സമയം ഇദ്ദേഹത്തിന്‍റെ ജൂനിയര്‍ ആയി കുറേക്കാലം സേവനം ചെയ്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞതു ഓര്‍ക്കുന്നു. അന്നത്തെ ചില രസകരമായ സംഭവങ്ങളും.

ഞാന്‍ കാണുന്ന സമയം ഹൃദയാഘാതം നിമിത്തം വളരെ ക്ഷീണാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു ഇദ്ദേഹം. എന്നാലും ജീവിതത്തെ ഒരു നേരമ്പോക്ക് എന്ന നിലയില്‍ കാണാന്‍ ഉള്ള അദ്ദേഹത്തിന്‍റെ മാനസികാവസ്ഥ എന്നെ ആകര്‍ഷിച്ചു.

തന്‍റെ രോഗാവസ്ഥയെ തോലോം വക വയ്ക്കാതെ അദ്ദേഹം പല തമാശുകള്‍ വാ തോരാതെ പറഞ്ഞു കേള്‍പ്പിച്ചു. പലതും അദ്ദേഹത്തിന്‍റെ പൈലറ്റ്‌ അനുഭവങ്ങള്‍.

അതില്‍ ഒരു കഥ ഒരു എയര്‍ ഹോസ്റ്റസ്സിന്‍റെ പരിശീലന കാല അനുഭവം ആയിരുന്നു. വൈമാനികര്‍ ഏറ്റവും ടെന്‍ഷന്‍ അനുഭവിക്കുന്നത് ഒരു എയര്‍ ക്രാഫ്റ്റ്‌ ലാന്‍ഡ്‌ ചെയ്യുന്ന സമയം ആണ്. ഭീമാകാരമായ ഈ പറക്കും സാധനത്തെ ആകാശ വിതാനത്തില്‍ നിന്നും ഉന്നം വച്ചു ഒരു ചെറിയ റണ്‍വേയില്‍ ഒരു കൃത്യമായ സ്ഥലത്ത് ഒരു തൂവല്‍ സ്പര്‍ശം പോലെ ഇറക്കുന്നത് ഒരു സര്‍ക്കസ്‌ അഭ്യാസം തന്നെ ആണ്. അണുവിടെ തെറ്റിയാല്‍ സ്വന്തം ജീവന്‍ മാത്രമല്ല നൂറുകണക്കിന് മറ്റുള്ളവരുടെയും ജീവന്‍ നൊടിയിടെ പരലോകത്ത്‌ എത്തിപ്പെടാന്‍ സാധ്യതയുള്ള ഒരു അഭ്യാസം.

അതും ദിവസേന ചെയ്യേണ്ട ഒരു കസര്‍ത്ത്‌ ആണെങ്കില്‍ അവരുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കവുന്നതെ ഉള്ളൂ. ഇന്നത്തെ പോലെ അത്യാധുനിക കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ഉള്ള വിമാനങ്ങള്‍ ആയിരുന്നില്ല പത്തു നാപ്പതു കൊല്ലങ്ങള്‍ക്ക് മുമ്പ്‌. അതും ഇന്ത്യയില്‍.

അന്നത്തെ വിമാനം ഇറക്കു പരിപാടി പൈലറ്റിന്‍റെ പൂര്‍ണമായ ഒരു കല ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. വിമാനത്തെ പല പൈലറ്റുമാരും അനുസരണമില്ലാത്ത ഒരു സ്ത്രീ ആയി ആണ് അക്കാലത്ത് കണക്കാക്കിയിരുന്നത്. അവളുടെ അനുസരണക്കേട്‌ ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് നിലത്തിറക്കുന്ന സമയത്തും. കണ്ട്രോള്‍ കോളത്തില്‍ പിടിച്ചിരിക്കുന്ന പൈലറ്റ്‌ ആ സമയം ചിലപ്പോള്‍ ആര്‍ത്ത് അലറും      " ഇരിക്കെടീ, ഇരിക്കെടീ നായിന്‍റെ മോളേ" ("സിറ്റ് ദൌന്‍ യൂ ബിച് !")

അങ്ങനെ നമ്മുടെ പൈലറ്റ്‌ അച്ചായന്‍ പെങ്കൊച്ചിനെ പുറകില്‍ നിര്‍ത്തി വിമാനമിറക്കി. വിമാനം റണ്‍വേയില്‍ ഓടിച്ചു നിര്‍ത്തിയിട്ടു അച്ചായന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ നമ്മുടെ എയര്‍ ഹോസ്ടസ്സ് പെണ്ണിനെ കാണാനില്ല. നല്ലത് പോലെ പരതിയപ്പോ ആളെ കിട്ടി. പൈലറ്റ്‌ സീറ്റിനു പുറകില്‍ ഭയന്നു വിറച്ചു ഇരിക്കുന്നു. പാവം വിമാനം അതിവേഗം നിലത്തിടിക്കുന്ന കാഴ്ച മൂലം പേടിച്ചു പോയിരിക്കണം !

എന്നാലും അച്ചായന്‍ ചോദിച്ചു : എന്താ കൊച്ചെ നിലത്തിരുന്നത് ?

അപ്പൊ കിട്ടി ഉത്തരം: " അയ്യോ സാറല്ലേ എന്നെ ചീത്ത വിളിച്ചു ഇരിക്കാന്‍ പറഞ്ഞത് ? " 

അന്ന് ഈ കഥയും മറ്റു പല കഥകളും പറഞ്ഞു അദ്ദേഹം ചിരിച്ചു. കൂടെ ഞാനും. 

അത് കഴിഞ്ഞു അധികം ദിവസങ്ങള്‍ അദ്ദേഹം ഈ ലോകത്ത്‌ ഇരുന്നില്ല. 

അതുപോലെ വലിയമ്മാച്ചന്‍ പൈലറ്റും ഇന്നില്ല. 

ഇന്ന് വിമാനങ്ങളും പൈലറ്റുമാരും വിമാനക്കമ്പനികളും സര്‍വ സാധാരണമായിരിക്കുന്നു. 

എന്നാലും വിമാനങ്ങളെയും അതോടിക്കുന്ന പൈലട്ടുമാരെയും ഇപ്പോഴും എനിക്ക് ആദരവോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. 

ഈ വലിയ ലോകത്തെ ചെറുതാക്കാന്‍ അവര്‍ നടത്തുന്ന സംഭാവനകള്‍ ഒട്ടും ചെറുതല്ല ! 

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.